അവസാനത്തെ വാക്ക്
നിരാകരിച്ച നിന്റെ നിഴല്ത്തോക്കിനു മുന്‍പില്‍
എന്റെ ഉത്തരം നിന്നു വിറച്ചു.
നിന്റെ കയ്യില്‍ തോക്കില്ലായിരുന്നു;
എന്റെ കയ്യില്‍ വാക്കും.
"എന്താണ് വിപ്ലവം" നീ ചോദിച്ചു.
നരച്ച, പരന്ന ആകാശത്തിനു കീഴെ,
ആളുകള്‍ക്കിടയില്‍,
എന്റെ നിര്‍മ്മലമായ ഗ്രാമം
എന്നെ തനിച്ചാക്കിയകലുന്നപോലെ തോന്നി
"പോട്ടെ, എന്താണ് ജീവിതം?"
സാധാരണയില്‍ കവിഞ്ഞ നീളവും
ഉലഞ്ഞ മുടിയുമുള്ളവന്‍ വീണ്ടും ചോദിച്ചു.
പതിനെട്ടു കൊല്ലം ജീവിച്ചു - എന്നിട്ടും ...
അതെ, പതിനെട്ടുകൊല്ലമാണ്. വെറും പതിനെട്ട് ...
എന്റെ മുട്ടു വിറച്ചു.
അടുത്തുകണ്ട ചെറിയ മരത്തിന്മേല്‍
ഞാന്‍ കൈവെച്ചു.
പെട്ടെന്ന്‍ അതിനു മുള്ളുകള്‍ വന്നു.
ചോര പൊടിഞ്ഞു.
"ഒന്നറിയാം. വിപ്ലവത്തിന് ഈ നിറമാണ്."
- ഞാന്‍ പിറുപിറുത്തു.
കണ്ണില്‍ പൊള്ളുന്ന പൂഴിമണല്‍ എറിഞ്ഞ് ,
നിലത്തു ആഞ്ഞു ചവിട്ടി, അവന്‍ നടന്നകന്നു.
"ഈ നശിച്ച ലോകം ഒരിക്കലും നന്നാവില്ല."
കണ്ണുകള്‍ നീറിപുകയുമ്പോഴും
ഞാന്‍ കേട്ടു- അവന്റെ ചിലമ്പിച്ച ശബ്ദം.
പിന്നീടുയര്‍ന്ന പൊടിക്കാറ്റില്‍
അവനും ഞാനും തളര്‍ന്നു വീണു.
ഈ ജീവിതം ഇത്രമാത്രം.
4 comments:
congratulations Mridula,nice poem,hope for your next work...........
A poet can change our mind.
You must do,change is possible
good work , imagination can develop your future and poetry.
The real revolution!!
The real question to the revolutionary world. mridula ur poem is very good
Post a Comment