Search This Blog

Friday, June 17, 2011

പൊതുബോധത്തില്‍ 'മഴ' പെയ്യുമ്പോള്‍: ആതിര ജി അഞ്ചാം സെമെസ്റെര്‍ ഇംഗ്ലീഷ്


നൊസ്റ്റാള്‍ജിയ അഥവാ ഗൃഹാതുരത്വം എന്നത് പൊതുബോധത്തിന്‍റെ ഉല്പന്നമാണ്. നൊസ്റ്റാള്‍ജിയ ആഘോഷിക്കപ്പെടുന്ന സിനിമകളുടെയും സാഹിത്യങ്ങളുടെയും സ്വീകാര്യതയില്‍ യഥാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്നത് ഈ പൊതുബോധത്തിന്‍റെ മനശ്ശാസ്ത്രമാണ്.

കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് നഷ്ടബോധത്തോടെയുള്ള, എന്നാല്‍ സുഖകരമായ ഓര്‍മയെയാണ് പൊതുവെ നൊസ്റ്റാള്‍ജിയ എന്നു പറയുന്നത്.അത് കേട്ടറിവുകളിലൂടെയും ഉണ്ടായിവരുന്നതാകാം. കഴിഞ്ഞകാലം നന്‍മകള്‍ മാത്രം നിറഞ്ഞിരുന്ന കാലമാണെന്നു വരുത്തിത്തീര്‍ത്തുകൊണ്ട് പഴയകാലത്തെ ആദര്‍ശവല്‍ക്കരിക്കുക വഴിയാണ് നൊസ്റ്റാള്‍ജിയ രൂപം കൊള്ളുന്നത്. ആളുകള്‍ക്ക് അത്തരം കാര്യങ്ങള്‍ കേള്‍ക്കാനും പറയാനും ചിന്തിക്കാനും ഏറെ താല്പര്യമാണ്. ജനങ്ങള്‍ക്കിടയില്‍ വളരെയേറെ സ്വീകരിക്കപ്പെടുന്ന സിനിമകളും സാഹിത്യങ്ങളും എടുത്ത് പരിശോധിച്ചുനോക്കിയാല്‍ അവയില്‍ ഈ നൊസ്റ്റാള്‍ജിയയുടെ അംശം പ്രത്യക്ഷമായും ചിലപ്പോള്‍ പരോക്ഷമായും കാണാം. പഴയതിന്‍റെ ആദര്‍ശവല്‍ക്കരണത്തെ അനുകൂലിക്കുന്ന ഒരു പൊതുബോധം തന്നെയാണ് ഇത്തരം സൃഷ്ടികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കപ്പെടുന്നതിന്‍റെ പിന്നിലുള്ളത്. ഇത് സൃഷ്ടികര്‍ത്താവിന്‍റെ ബോധമണ്ഡലത്തില്‍നിന്ന് രൂപപ്പെടുന്നതാകണമെന്നില്ല, മറിച്ച്, പൊതുബോധത്തില്‍ നിന്ന് വിടുതല്‍ നേടിയിട്ടില്ലാത്ത അബോധത്തില്‍ രൂപപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ കപടമായ ആദര്‍ശവല്‍ക്കരണം തന്‍റെ മാധ്യമത്തിലൂടെ നിര്‍വഹിക്കുന്ന ആള്‍ അല്ല പ്രതിസ്ഥാനത്തു വരുന്നത്, പകരം, മാറാന്‍ വിസമ്മതിച്ചുകൊണ്ട് ഭൂരിഭാഗത്തിന്‍റെയും അബോധത്തെ നിര്‍ണയിച്ചുകൊണ്ടിരിക്കുന്ന പൊതുബോധമാണ്.

മഴഎന്ന ആല്‍ബത്തിന്‍റെ സ്വീകാര്യതയെ ഈ പൊതുബോധത്തിന്‍റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് നോക്കിക്കാണാവുന്നതാണ്.

മഴ പങ്കുവയ്ക്കുന്ന ആശയം പുതിയതൊന്നുമല്ല. ചെറുപ്പത്തില്‍തന്നെ ഭാര്യയെ നഷ്ടപ്പെട്ട ഒരാള്‍ വാര്‍ധക്യാവസ്ഥയില്‍ അവളെ ഓര്‍ക്കുകയും ആ ഓര്‍മകളിലൂടെ അവരുടെ പ്രണയം കടന്നുവരികയും ചെയ്യുന്നു. ഇവിടെ ആദര്‍ശവല്‍ക്കരിക്കപ്പെടുന്നത് വെറും പ്രണയമല്ല, പഴയകാലത്തെ പ്രണയമാണ്. വരികളും ദൃശ്യങ്ങളും പ്രേക്ഷകരെ കൊണ്ടുപോകുന്നത് ആദര്‍ശവല്‍ക്കരിക്കപ്പെട്ട പഴയകാലത്തിലേക്കാണ്. തറവാടും കുളവും പ്രകൃതിഭംഗിയും പെണ്‍കുട്ടിയുടെ ശാലീനഭാവവും പ്രണയത്തിന്‍റെ നിഷ്കളങ്കത കാണിക്കുന്ന രംഗങ്ങളും ഇതില്‍ നൊസ്റ്റാള്‍ജിയയെ നിര്‍മിക്കുന്ന പ്രധാന ഉപകരണങ്ങളാണ്. ഏറ്റവും പ്രധാനപ്പെട്ട ഒന്ന് മഴയാണ്. ഓര്‍മകള്‍ക്ക് അകമ്പടിയായി ഇതില്‍ മഴയുണ്ട്. മഴയ്ക്ക് നല്കപ്പെട്ടിരിക്കുന്ന പല ഇമേജുകളും പൊതുബോധത്തില്‍ പല കാലങ്ങളിലൂടെ നിര്‍മിക്കപ്പെട്ടവ തന്നെയാണ്. ഒരു സാധാരണ പ്രകൃതിപ്രതിഭാസമായ, ജീവന്‍റെ നിലനില്പിന് അത്യാവശ്യമായ മഴയ്ക്ക് പൊതുബോധത്തില്‍ നല്കപ്പെട്ടിരിക്കുന്ന ഇമേജുകള്‍ തികച്ചും വ്യത്യസ്തമാണ്. ഭ്രാന്തിയായും സുഹൃത്തായും ഓര്‍മയായും സ്നേഹമായും വളരെ വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ സാഹിത്യവും സിനിമയും മഴയ്ക്ക് നല്‍കിയിട്ടുണ്ട്. ഇങ്ങനെ പലതരത്തില്‍ മഴയെ കേട്ടും വായിച്ചും കണ്ടും യാഥാര്‍ഥ്യത്തില്‍നിന്നു വിഭിന്നമായ ഒരു സങ്കല്‍പം പൊതുബോധത്തില്‍ മഴയെപ്പറ്റി നിര്‍മിക്കപ്പെട്ടു. നൊസ്റ്റാള്‍ജിയയുടെ പ്രധാനഘടകമായി മഴ മാറി. ആല്‍ബത്തിന്‍റെ പേരുതന്നെ മഴ എന്നാകുമ്പോള്‍ അതില്‍നിന്നു ലഭിക്കുന്ന ഒരു nostalgic feeling തന്നെ ആല്‍ബം തുടര്‍ന്നുകാണാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മഴയുടെ ദൃശ്യങ്ങള്‍ നൊസ്റ്റാള്‍ജിയയെ അതിന്‍റെ ഉയര്‍ന്ന തലത്തില്‍ എത്തിക്കുന്നു.

പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന മേല്പറഞ്ഞ ഘടകങ്ങളെല്ലാം തന്നെ സംവിധായകന്‍ ബോധപൂര്‍വം ഉള്‍ ച്ചേര്‍ത്തതാകണമെന്നില്ല. പൊതുബോധത്തിന്‍റെ തന്നെ ഭാഗമായ അയാളുടെ അബോധത്തില്‍ യഥാര്‍ഥപ്രണയം/ ആദര്‍ശപ്രണയം അങ്ങനെയൊക്കെയാണ്. അതിനാല്‍ ഇവിടെ സംവിധായകനാര് എന്നതല്ല പ്രശ്നം, മറിച്ച്, സംവിധായകന്‍റെയും അബോധത്തെ നിര്‍ണയിക്കുന്ന പൊതുബോധമാണ്. ഈ പൊതുബോധത്തെ മറികടന്നാല്‍ മാത്രമേ പ്രണയത്തേയോ മഴയേയോ ഒക്കെ വ്യത്യസ്തമായി ചിത്രീകരിക്കാന്‍ ഏതൊരാള്‍ക്കും കഴിയൂ. എന്നാല്‍ മഴയെപ്പോലെ സ്വീകാര്യത അതിനു കിട്ടാന്‍ ഒട്ടും സാധ്യതയില്ല.

1 comment:

Anand said...

Excellent analysis from an angle of culture studies, Athira. Do write.