Search This Blog

Wednesday, January 9, 2013

സ്ത്രീപീഡനം: പ്രതിരോധത്തിന് ഒരു മാരാരിക്കുളം പദ്ധതി
Posted on: 08 Jan 2013
ഡോ. ടി.എം. തോമസ് ഐസക്‌

ധനവിചാരം

2012-ല്‍ ഇന്ത്യന്‍ ജനതയെ ഏറ്റവും ഗാഢമായി സ്​പര്‍ശിച്ച സംഭവമെന്ത്? കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട ഡല്‍ഹിയിലെ 23-കാരിയുടെ ദുരന്തമാണ് അതെന്നതിന് ഇന്ന് രണ്ടുപക്ഷമില്ല.

അദ്ഭുതവും അസാധാരണവുമായ സംഭവപരമ്പരകള്‍ക്ക് ആ ദുരന്തം തുടക്കമിട്ടു. രാഷ്ട്രീയമറ്റ കാമ്പസുകളിലെ ഇടനാഴികളില്‍ നിന്നും തണല്‍മരച്ചുവടുകളില്‍ നിന്നും പൊതുപ്രവര്‍ത്തനപരിചയമില്ലാത്ത കുട്ടികള്‍ ഇന്ത്യയുടെ ഭരണകേന്ദ്രത്തിലേക്ക് ഇരമ്പിയാര്‍ത്തു. അവരുടെ നിശ്ചയദാര്‍ഢ്യത്തിനും നിര്‍ഭയത്വത്തിനും മുന്നില്‍ ഇന്ത്യയുടെ ഭരണക്കരുത്ത് വിയര്‍ത്തുകുളിച്ചു. മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുള്ള വിമര്‍ശനവും ഇന്നത്തെ രാഷ്ട്രീയസാധ്യതകളിലേക്കുള്ള വിരല്‍ ചൂണ്ടലുമായിരുന്നു ആ പ്രക്ഷോഭം.

രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നവര്‍ക്ക് പ്രക്ഷോഭകരെ അഭിമുഖീകരിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. ഒടുവില്‍, ഭീരുത്വമെന്നുമാത്രം ചരിത്രം വിലയിരുത്തുന്ന ഒരു തന്ത്രം ഹസ്തിനപുരിയിലെ ചാണക്യന്മാര്‍ പുറത്തെടുത്തു. പെണ്‍കുട്ടിയെ വിദേശത്ത് ചികിത്സിക്കാന്‍ അവര്‍ തീരുമാനിച്ചു. മരിച്ചപ്പോഴോ, അവളുടെ ജഡം നാട്ടിലെത്തിച്ചത് രാത്രിയുടെ മറവില്‍. അതീവരഹസ്യമായിരുന്നു ശവസംസ്‌കാരം. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ ജനതയെ വിലക്കി.

പ്രതിഷേധ, പ്രതികരണത്തോടൊപ്പം നടന്ന പ്രതിവിധി തേടിയുള്ള ചര്‍ച്ചകളും കൊഴുത്തു. പക്ഷേ, നിയമഭേദഗതിയും കനത്തശിക്ഷയും കൊണ്ടുമാത്രം സ്ത്രീപീഡനം ഇല്ലാതാക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവും ഉയര്‍ന്നുവന്നു. ലൈംഗികതൃഷ്ണ മാത്രമല്ല, പൗരുഷത്തിന്റെ അധികാരപ്രയോഗം കൂടിയാണ് ഓരോ ബലാത്സംഗവും. അതുകൊണ്ടാണ് മാനഭംഗത്തിനിരയായ പെണ്‍കുട്ടി ശാരീരികമായി ഇത്ര ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ആ മനോഭാവം മാറണമെങ്കില്‍ മനുഷ്യന്റെ ബോധം അടിമുടി മാറണം.

ഈ മാറ്റം എങ്ങനെ സാധ്യമാക്കാം? പ്രതിഷേധത്തിനപ്പുറം സാധാരണപൗരന് അതിലെന്ത് പങ്കുവഹിക്കാന്‍ കഴിയും? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒരു ചര്‍ച്ചയിലും ഞാന്‍ കണ്ടില്ല. ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയിലെ മാരാരിക്കുളം തെക്കുപഞ്ചായത്തില്‍ കുടുംബശ്രീയും സന്നദ്ധപ്രവര്‍ത്തകരും ഏറ്റെടുത്ത 'സ്ത്രീസൗഹൃദ ഗ്രാമം' പദ്ധതി പ്രസക്തമാകുന്നത്.

കുടുംബശ്രീ അയല്‍ക്കൂട്ടസംഗമങ്ങളിലെ ചര്‍ച്ചകളില്‍ നിന്നായിരുന്നു തുടക്കം. ഒമ്പതിനായിരത്തില്‍പ്പരം സ്ത്രീകള്‍ പങ്കെടുത്ത ഇരുനൂറോളം യോഗങ്ങള്‍ നീറിപ്പിടയുന്ന സ്ത്രീമനസ്സുകളുടെ ജ്വാലാമുഖമായി. ''എന്തിനാണ് ഇങ്ങനെയൊരു ജന്മം'' എന്ന് ചോദിച്ച മൂന്നുമക്കളുടെ അമ്മയായ 24-കാരിയും ''ഒമ്പതാംക്ലാസില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് സംഭവിച്ചത് ഇനിയൊരു കുഞ്ഞിനും ഉണ്ടാകരുത്'' എന്നുവിലപിച്ച 45-കാരിയായ വീട്ടമ്മയും ജനപ്രതിനിധികളുടെയും സാമൂഹികപ്രവര്‍ത്തകരുടെയും ഉള്ളിലേക്ക് കനലുകളായി വന്നുവീണു. പഞ്ചായത്തിലെ സ്ത്രീപീഡനത്തെക്കുറിച്ച് ഒരു സര്‍വേ നടത്താന്‍ അവര്‍ തീരുമാനിച്ചു.

അയല്‍ക്കൂട്ടങ്ങളുടെ യോഗങ്ങള്‍ വീണ്ടും ചേര്‍ന്നു. വിശദമായ ക്ലാസിനും ചര്‍ച്ചയ്ക്കുംശേഷം ഓരോ സ്ത്രീയും സര്‍വേഫോറം സ്വയം പൂരിപ്പിച്ചു. വിവരങ്ങള്‍ക്ക് രഹസ്യസ്വഭാവം നല്‍കാന്‍ പൂരിപ്പിച്ച ചോദ്യാവലി, ഉത്തരംപറഞ്ഞ ആളിന്റെ പേരെഴുതാതെ പ്രത്യേകം സീല്‍വെച്ച പെട്ടികളില്‍ നിക്ഷേപിച്ചു. ഈ രഹസ്യസ്വഭാവം അനുഭവങ്ങള്‍ തുറന്നുപറയാന്‍ എല്ലാവരെയും പ്രേരിപ്പിച്ചു.

സര്‍വേ കണക്കുകള്‍ ക്രോഡീകരിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. സര്‍വേയില്‍ പങ്കെടുത്ത 4681 സ്ത്രീകളില്‍ 60 ശതമാനംപേര്‍ സര്‍വേക്കു തൊട്ടുമുമ്പുള്ള മൂന്നു മാസങ്ങളില്‍ ആഭാസവാക്കാലോ ആംഗ്യത്താലോ ഉള്ള അതിക്രമത്തിനോ ഗാര്‍ഹികപീഡനത്തിനോ ബലാത്കാരത്തിനോ ഇരയായിരുന്നു. മൂന്നുമാസത്തെ സ്ഥിതി ഇതാണെങ്കില്‍ വര്‍ഷമാകെ കണക്കാക്കുമ്പോള്‍ എല്ലാസ്ത്രീകളും ഒരു തവണയോ പലതവണയോ ഏതെങ്കിലുംവിധത്തിലുള്ള പീഡനത്തിന് ഇരയായിരുന്നു എന്നു കാണാം. ഈ പീഡനങ്ങളില്‍ 59 ശതമാനം ആഭാസകമന്റുകളും മൊബൈല്‍ അശ്ലീലവുമായിരുന്നു. 14 ശതമാനം ആംഗ്യാതിക്രമങ്ങള്‍ക്കും 11 ശതമാനം ഗാര്‍ഹിക പീഡനങ്ങള്‍ക്കും 15 ശതമാനം പേര്‍ ബലാത്കാരത്തിനുമിരയായി. തങ്ങള്‍ ബലാത്സംഗത്തിനിരയായി എന്ന് പഞ്ചായത്തിലെ അഞ്ച് സ്ത്രീകള്‍ വെളിപ്പെടുത്തി. എന്നാല്‍, പോലീസ് റെക്കോഡ് പ്രകാരം ബലാത്സംഗപരാതിയേ ഉണ്ടായിട്ടില്ല. സര്‍വേയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥിനികളും (406) ഏതെങ്കിലും വിധത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരകളായിട്ടുണ്ട്.

ഈ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് പഞ്ചായത്തിന് നാണക്കേടാണ് എന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. പക്ഷേ, കണക്കുകള്‍ പ്രസിദ്ധീകരിക്കുക മാത്രമല്ല, സ്ത്രീപീഡനത്തിനെതിരെയുള്ള പ്രതിരോധത്തിന് ഏറ്റവും ഉയര്‍ന്ന പ്രാധാന്യം നല്‍കണമെന്നും തീരുമാനമെടുത്തു. രണ്ടോമൂന്നോ വര്‍ഷം കഴിഞ്ഞ് ഇതുപോലൊരു സര്‍വേ വീണ്ടും നടത്തുമ്പോള്‍ അതിക്രമങ്ങളുടെ എണ്ണവും തീവ്രതയും ഗണ്യമായി കുറയ്ക്കാന്‍ കഴിയണം. അതിന് വിദ്യാഭ്യാസമേഖലയിലും ആരോഗ്യപരിപാലനത്തിലും തൊഴില്‍ പരിശീലനത്തിലും സാംസ്‌കാരികരംഗത്തുമെല്ലാം എന്തു ചെയ്യണം? ഇത്തരമൊരു സംയോജിത പരിപാടിയാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ ഏറ്റവും വലിയ വികസനപ്രവര്‍ത്തനമായി പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചിട്ടുള്ളത്.

വിദ്യാലയങ്ങളാണ് ഇടപെടലിന്റെ മുഖ്യകേന്ദ്രം. നാളത്തെ തലമുറയെങ്കിലും സ്ത്രീപുരുഷബന്ധങ്ങളെ തുല്യതയില്‍ കാണുന്നവരായി മാറാന്‍ ഏതുതരം അനുബന്ധ പാഠ്യപരിപാടികളാണ് വേണ്ടത്? കുട്ടികളുടെ മാനസിക, ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വകുപ്പ് നടത്തിയ പഠനത്തില്‍ പങ്കെടുത്ത 196 ആണ്‍കുട്ടികളില്‍ 38 ശതമാനംപേര്‍ മദ്യപിക്കുന്നതായും 28 ശതമാനം പേര്‍ പുകവലിക്കുന്നതായും 11 ശതമാനം പേര്‍ മുറുക്കുന്നതായും 0.5 ശതമാനം പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും തെളിഞ്ഞു. ആണ്‍കുട്ടികളില്‍ അഞ്ചുശതമാനംപേര്‍ക്ക് ആത്മഹത്യാപ്രവണതയും ആറുശതമാനംപേര്‍ തങ്ങളെക്കൊണ്ട് ഒരുപയോഗവുമില്ല എന്ന് ചിന്തിക്കുന്നതായും തെളിഞ്ഞു. പെണ്‍കുട്ടികളില്‍ 27 ശതമാനംപേര്‍ മൂത്രാശയ രോഗങ്ങളും 45 ശതമാനംപേര്‍ക്ക് ഗുഹ്യഭാഗങ്ങളില്‍ ചൊറിച്ചിലും 15 ശതമാനം പേര്‍ക്ക് ആത്മഹത്യാപ്രവണതയും ഉള്ളതായി കണ്ടു. കുട്ടികളുടെ ആരോഗ്യപരിപാലനവും കൗണ്‍സലിങ്ങും പ്രധാനമാണ്. പെണ്‍കുട്ടികള്‍ക്ക് മുഴുവന്‍ തയ്‌ക്വോണ്ടോ പരിശീലനത്തിനും പ്രോജക്ടുണ്ട്.

ഈ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മാപ്പില്‍ സ്ത്രീകള്‍ പോകാന്‍ ഭയപ്പെടുന്ന ഇടവഴികളും കവലകളും സ്ഥാപനങ്ങളും സര്‍വേകണക്കുകളുടെ കൂടെ രേഖപ്പെടുത്തി. 50 ശതമാനത്തോളം സ്ത്രീകള്‍ വഴിമാറി നടന്നു രക്ഷപ്പെടുകയാണ് പതിവ്. ഓടിരക്ഷപ്പെട്ടവര്‍ 13 ശതമാനം. ഭയപ്പാടില്ലാതെ സഞ്ചാരം എങ്ങനെ ഉറപ്പുവരുത്താം? ചെറുത്തുനില്‍പ്പിന് കൂട്ടായ സഞ്ചാരം സ്വീകരിക്കുന്നവര്‍ ആറുശതമാനമാണ്. പൊതുസ്ഥലങ്ങളില്‍ പുരുഷന്മാര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞും സ്ത്രീകൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കണമെന്ന ശക്തമായ വാദമുണ്ട്. സ്ത്രീകള്‍ക്ക് വിനോദത്തിനും വ്യായാമത്തിനുമുള്ള പൊതുസൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ പ്രോജക്ടുണ്ട്. ലിംഗവിഭജനത്തെ മറികടന്നുള്ള തൊഴില്‍പരിശീലനവും ഉണ്ടാകും.

ഗാര്‍ഹികപീഡനത്തിന് എതിരെയുള്ള ഇടപെടല്‍ കൂടുതല്‍ സങ്കീര്‍ണമാണ്. കൗണ്‍സലിങ്ങിനും നിയമപരിരക്ഷ നല്‍കുന്നതിനും സംവിധാനമൊരുക്കണം. 20 ശതമാനം സ്ത്രീകള്‍ വീട്ടില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ മാറിനില്‍ക്കുന്നു. മാറിനില്‍ക്കാന്‍ സുരക്ഷിതമായ കേന്ദ്രം ഇല്ലാത്തത് ഒരു പ്രശ്‌നമാണ്. ഇതുപരിഹരിക്കാന്‍ ഷോര്‍ട്ട് സ്റ്റേ ഹോം ഉണ്ടാക്കാനും പ്രോജക്ടുണ്ട്.

അക്രമികളില്‍ 60 ശതമാനംപേര്‍ മദ്യപിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഒരു വാര്‍ഡില്‍ ഇതിനകം മദ്യം ഒഴിച്ചുകൊടുപ്പ് കേന്ദ്രങ്ങള്‍ അവസാനിപ്പിച്ചു. തങ്ങളുടെ വീടുകളിലെ ചടങ്ങുകളില്‍ മദ്യസല്‍ക്കാരം നടത്തുകയില്ല എന്നവര്‍ പ്രതിജ്ഞയുമെടുത്തു. ഇക്കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു വാര്‍ത്താപത്രികയും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കാന്‍ പഞ്ചായത്തില്‍ ഒരു വനിതാകേന്ദ്രം സ്ഥാപിക്കും. ഇവിടെ ലൈബ്രറിക്കും കമ്പ്യൂട്ടര്‍ സെന്ററിനും പുറമേ രണ്ട് മുഴുവന്‍സമയ പ്രവര്‍ത്തകരടക്കം കൗണ്‍സലിങ്ങിനും നിയമസഹായത്തിനും വ്യായാമപരിശീലനത്തിനുമുള്ള സംഘങ്ങളുണ്ടാകും. പഞ്ചായത്ത് സ്‌കൂളില്‍ സ്‌പോര്‍ട്‌സ് വകുപ്പുമായി സഹകരിച്ചുകൊണ്ട് ആധുനിക കായിക വിനോദ പരിശീലനകേന്ദ്രം സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു. ഇതിനുപുറമേ എല്ലാ വാര്‍ഡുകളിലും ലൈബ്രറിയോ അങ്കണവാടിയോ മറ്റുമായി ബന്ധപ്പെട്ട് ഒരു ഉപകേന്ദ്രവും സ്ത്രീകള്‍ക്ക് വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യവുമൊരുക്കുന്നു. കുടുംബശ്രീ എ.ഡി.എസ്സിന്റെ ആസ്ഥാനവും അവിടെയായിരിക്കും.

മുഴുവന്‍സമയ പ്രവര്‍ത്തകരുടെ ചെലവ് കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പിന്റെ ആക്ഷന്‍ റിസര്‍ച്ച് പ്രോഗ്രാമില്‍നിന്ന് ലഭ്യമാകും. പഞ്ചായത്തിന്റെ ഫണ്ടിനു പുറമേ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കീമുകളിലെ സഹായധനവും എം.എല്‍.എ. ഫണ്ടും സംയോജിപ്പിച്ചായിരിക്കും മേല്‍പ്പറഞ്ഞ പദ്ധതി നടപ്പാക്കുക.

പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മുഴുവന്‍പേരുടെയും ആരോഗ്യക്കാര്‍ഡ് ഉണ്ടാക്കുന്നതിനുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പരിശീലനം കഴിഞ്ഞു. ഒരുപക്ഷേ, കേരളത്തിലെ ഏറ്റവും സമഗ്രമായ ആരോഗ്യമോണിറ്ററിങ് സംവിധാനമായിരിക്കും ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത്. ആരോഗ്യപരിപാലനത്തിനുള്ള ഗൃഹസന്ദര്‍ശനങ്ങള്‍ കുടുംബത്തിലെ എല്ലാവരുമായും പ്രോജക്ടിന്റെ ആശയങ്ങള്‍ പങ്കുവെക്കാനുള്ള സന്ദര്‍ഭങ്ങള്‍ കൂടിയായിരിക്കും.

ജനകീയാസൂത്രണത്തിലെ വനിതാഘടകപദ്ധതി സംബന്ധിച്ച ഒരു പ്രധാനവിമര്‍ശനം സ്ത്രീകളുടെ ദൈനംദിന ആവശ്യങ്ങളെ ആസ്​പദമാക്കിയ പ്രോജക്ടുകളേ ഏറ്റെടുക്കാറുള്ളൂ എന്നതാണ്. സ്ത്രീപദവിയില്‍ മാറ്റം വരുത്താനുദ്ദേശിച്ചുകൊണ്ടുള്ള പ്രോജക്ടുകള്‍ അപൂര്‍വമാണ്. എന്നാലിവിടെ ഒരു പഞ്ചായത്തിന്റെ മുഖ്യവികസന പ്രവര്‍ത്തനമായി ഇത് മാറിയിരിക്കുന്നു. ഈ സാധ്യത എവിടെയുമുണ്ട്. വികേന്ദ്രീകൃതാസൂത്രണവും വനിതാജനപ്രതിനിധികളും കുടുംബശ്രീയും പ്രാദേശികമായി സ്ത്രീപക്ഷ ഇടപെടലുകള്‍ക്കുള്ള സാധ്യതകള്‍ വിപുലപ്പെടുത്തിയിരിക്കുകയാണ്. അത് പ്രയോജനപ്പെടുത്താനുള്ള പ്രതിബദ്ധതയും പൗരബോധവും ഉണ്ടോ എന്നുള്ളതാണ് പ്രശ്‌നം.

മാരാരിക്കുളം തെക്ക്പഞ്ചായത്തില്‍ ഇതാകാമെങ്കില്‍ എന്തുകൊണ്ട് നിങ്ങളുടെ പഞ്ചായത്തിലും ഇതായിക്കൂടാ? കൂടുതല്‍ വിവരങ്ങള്‍ക്ക്:

VISIT: http://www.mathrubhumi.com/online/malayalam/news/story/2046824/2013-01-08/kerala

No comments: